This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി

കേരളം കൈവരിച്ച സമ്പൂര്‍ണ സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം.

സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസപരിപാടി

1991 ഏ. 18-നാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത്. 1992-ല്‍ സാക്ഷരതാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിടുകയും 1996-ല്‍ കേരള സാക്ഷരതാമിഷന്‍ അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. 1998 ഒ. 2-നാണ് തുടര്‍വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്. നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക, താത്പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കുക, സര്‍ക്കാരിന്റെ വികസനപ്രക്രിയയില്‍ സക്രിയമായി ഇടപെടുന്നതിനുള്ള കഴിവ് വളര്‍ത്തുക, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക, അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗവേഷണപഠനങ്ങള്‍ നടത്തുകയും സമഗ്രമായ പരിശീലന പരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുക, കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കന്‍ഡറിതല വിദ്യാഭ്യാസം ഉറപ്പുവരുത്തുക, സമഗ്രമായ തൊഴില്‍ നൈപുണി വികസനപദ്ധതി നടപ്പാക്കുക, കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍. സമഗ്രമാനവവിഭവശേഷിയില്‍ അധിഷ്ഠിതമായ വികസനമാണ് തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ആത്യന്തികലക്ഷ്യം. നിരക്ഷരര്‍, നവസാക്ഷരര്‍, സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍, ആജീവനാന്തവിദ്യാഭ്യാസത്തില്‍ താത്പര്യമുള്ളവര്‍ എന്നിവരാണ് തുടര്‍വിദ്യാഭ്യാസപരിപാടിയുടെ ഗുണഭോക്താക്കള്‍. സാക്ഷരതാമിഷന്റെ കീഴിലുള്ള തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയാണ് പ്രാദേശികതലത്തില്‍ തുടര്‍വിദ്യാഭ്യാസപദ്ധതി നടന്നുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് 'പ്രേരക്'മാരാണ്.

ആദിവാസികള്‍, തീരദേശ-ചേരിനിവാസികള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സാക്ഷരതാപരിപാടി, നവസാക്ഷരര്‍, സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍ തുടങ്ങി ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാതെ പോയ ആളുകള്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന തുല്യതാപരിപാടി, സാധാരണ ജനങ്ങള്‍ക്ക് അവരവരുടെ തൊഴില്‍പരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വരുമാനവര്‍ധക പരിപാടികള്‍, സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ലക്ഷ്യമാക്കിയുള്ള ജീവിതഗുണനിലവാര വര്‍ധകപരിപാടികള്‍, തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളായ ഓരോ വ്യക്തിക്കും അന്തര്‍ലീനമായിരിക്കുന്ന സവിശേഷ സിദ്ധികളും കലാ-കായികാഭിരുചികളും കണ്ടെത്തി പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വ്യക്തിഗത താത്പര്യപോഷണപരിപാടികള്‍ തുടങ്ങിയവയാണ് സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ലക്ഷ്യാധിഷ്ഠിത പരിപാടികള്‍. കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സാക്ഷരതാമിഷന്റെ ഗ്രാന്റോടുകൂടിയാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. എന്നാല്‍ സമ്പൂര്‍ണ സാക്ഷരത നേടിയതിനാല്‍ പിന്നീട് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഗ്രാന്റ് ലഭിച്ചില്ല. ഇതേത്തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ മറികടക്കുന്നതിനായി 2009-ല്‍ കേരള സര്‍ക്കാര്‍ ആജീവനാന്ത വിദ്യാഭ്യാസബോധവത്കരണ പരിപാടിയായ ലീപ്-കേരള മിഷന്‍ എന്ന പദ്ധതിക്ക് രൂപം നല്കിയെങ്കിലും പിന്നീട് കേരള സാക്ഷരതാമിഷന്‍ അതോറിറ്റി എന്ന പേരില്‍ത്തന്നെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തെയും സാക്ഷരതാമിഷന്റെ സ്വയാര്‍ജിതഫണ്ടിനെയും ആശ്രയിച്ചാണ് സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

പത്താംതരം തുല്യതാകോഴ്സ്, സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി, നാലാംതരം തുല്യതാ പരിപാടിയായ അതുല്യം, അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനുവേണ്ടിയുള്ള അക്ഷരലോകം പരിപാടി, ഏഴാംതരം തുല്യതാ പരിപാടി, പഠിതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും പ്രേരക്മാര്‍ക്കും വേണ്ടിയുള്ള സംസ്ഥാനതല തുടര്‍വിദ്യാഭ്യാസ പരിപാടി, നിരക്ഷരരായ അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള 'സമ്പൂര്‍ണ ബ്രെയില്‍' സാക്ഷരതാ പരിപാടി എന്നിവയും കേരള സാക്ഷരതാമിഷന്‍ സംഘടിപ്പിച്ചുവരുന്നു. കൂടാതെ സാക്ഷരതാ-തുടര്‍വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്നതിനും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് കാലാനുസൃതമായ പരിശീലനങ്ങള്‍ നല്‍കുന്നതിനുമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് എന്ന സ്ഥാപനം സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മുഖമാസികയായ അക്ഷരകൈരളി, വാര്‍ത്താ ബുള്ളറ്റിനായ അക്ഷരവാര്‍ത്ത എന്നിവ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പ്രസിദ്ധീകരണങ്ങളാണ്.

അറുപതുവയസ്സുള്ള എല്ലാ കേരളീയര്‍ക്കും പത്താംക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള കര്‍മവീഥിയിലാണ് നിലവില്‍ കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍